ടീലിയേസി

(Tiliaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടീലിയേസി ദ്വിബീജപത്രികളിൽപ്പെടുന്ന സസ്യകുടുംബമാണ്. മാൽവേൽസ് (Malvales) ഗോത്രത്തിലുൾപ്പെടുത്തിയിട്ടുള്ള ഈ കുടുംബത്തിൽ 41 ജീനസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഇലകൊഴിയും വൃക്ഷങ്ങളാണ്. ഉന്നം (Tilia), ചണം (Corchorus), എന്റലീയ (Entelea), ഗ്രൂവിയ (Grewia) തുടങ്ങിയവയാണ് ഈ കുടുംബത്തിൽപ്പെടുന്ന പ്രധാനയിനങ്ങൾ. ചണം ഒഴികെയുള്ളവ കുറ്റിച്ചെടികളോ മരങ്ങളോ ആണ്. ടീലിയേസിയിലെ അംഗങ്ങൾക്കെല്ലാംതന്നെ സസ്യത്തിലാകമാനം ശാഖിതമായ ലോമങ്ങളുണ്ടായിരിക്കും. ലൈം ട്രീ എന്ന പേരിലറിയപ്പെടുന്ന ഉന്ന (ചടച്ചിൽ) ത്തിന് പത്തു സ്പീഷീസുണ്ട്. എല്ലായിടങ്ങളിലും സമൃദ്ധിയായി കാണപ്പെടുന്ന ഈ വൃക്ഷം 12-15 മീ. വരെ ഉയരത്തിൽ വളരുന്നു.

ടീലിയേസി
ടീലിയേസിൽ കുടുംബത്തിൽ ഉൾപ്പെടുന്ന ഉന്നം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
ടീലിയേസി

ഏകാന്തരന്യാസത്തിലുള്ള ഇലകൾ ദന്തുരങ്ങളായിരിക്കും. ചടച്ചിൽ വൃക്ഷത്തിന്റെ അനുപർണങ്ങൾ തളിരിലകളെ പൊതിഞ്ഞിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇലകൾ മൂപ്പെത്തുമ്പോഴേക്കും അനുപർണങ്ങൾ ഉണങ്ങിച്ചുരുണ്ട് കൊഴിഞ്ഞുപോകുന്നു. തടിയുടെ കോർട്ടെക്സിലും മജ്ജയിലും അവിടവിടെയായി മ്യൂസിലേജ് കോശങ്ങളുണ്ടായിരിക്കും.

ഫെബ്രുവരി ഏപ്രിൽ മാസങ്ങളിലാണ് ഈ കുടുംബത്തിൽപ്പെടുന്ന സസ്യങ്ങൾ പുഷ്പിക്കുന്നത്. ഇലകളുടെ കക്ഷ്യങ്ങളിൽ സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സുഗന്ധമുള്ള പുഷ്പങ്ങൾ ദ്വിലിംഗാശ്രയികളായിരിക്കും. ഓരോ പുഷ്പത്തിലും ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതം കാണപ്പെടുന്നു. ബാഹ്യദളങ്ങളുടെ ചുവടുഭാഗം ഒട്ടിച്ചേരുന്ന ഭാഗത്ത് സ്പൂൺ ആകൃതിയിലുള്ള തേൻഗ്രന്ഥികളുണ്ട്. ദളങ്ങൾ സ്വതന്ത്രങ്ങളാണ്. ഊർധ്വവർത്തിയായ അണ്ഡാശയത്തിന് രണ്ടോ അതിലധികമോ അറകൾ ഉണ്ടായിരിക്കും. വിത്തുകൾക്ക് ബീജാന്നമുണ്ട്. ഫലങ്ങളുടെ ചിറകുപോലുള്ള പുഷ്പപത്രങ്ങൾ വിത്തുവിതരണത്തെ സഹായിക്കുന്നു.

ഉന്നവും ചണവും സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. ഉന്നത്തിന്റെ തടി വൈറ്റ് വുഡ്, ബാസ് വുഡ് എന്നീ പേരുകളിലറിയപ്പെടുന്നു. മങ്ങിയ തവിട്ടുനിറമുള്ളതും, ഇലാസ്തികത (elasticity) കൂടിയതുമായതിനാൽ വീട്ടുപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. തണലിനും അലങ്കാരത്തിനുംവേണ്ടി നട്ടുവളർത്തപ്പെടുന്ന വൃക്ഷങ്ങളും ഈ സസ്യകുടുംബത്തിലുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടീലിയേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.how.com.vn/wiki/index.php?lang=ml&q=ടീലിയേസി&oldid=3632889" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംതോമാശ്ലീഹാപാത്തുമ്മായുടെ ആട്ബാല്യകാലസഖിദുക്‌റാനവള്ളത്തോൾ നാരായണമേനോൻകെ. ദാമോദരൻകുമാരനാശാൻമലയാളം അക്ഷരമാലമതിലുകൾ (നോവൽ)ഉണ്ണി ബാലകൃഷ്ണൻതുഞ്ചത്തെഴുത്തച്ഛൻപ്രേമലേഖനം (നോവൽ)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വേണു ബാലകൃഷ്ണൻഡെങ്കിപ്പനിഭൂമിയുടെ അവകാശികൾഉള്ളൂർ എസ്. പരമേശ്വരയ്യർഎസ്.കെ. പൊറ്റെക്കാട്ട്മലയാളംസുഗതകുമാരിമഹാഭാരതംമധുസൂദനൻ നായർമഹാത്മാ ഗാന്ധിതേന്മാവ് (ചെറുകഥ)അശ്വത്ഥാമാവ്കുഞ്ചൻ നമ്പ്യാർകൽക്കിഇന്ത്യയുടെ ഭരണഘടനകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംകമല സുറയ്യഒ.എൻ.വി. കുറുപ്പ്കോളാമ്പി (സസ്യം)ചെറുശ്ശേരിപി. കേശവദേവ്കഥകളി